തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലായിരുന്നു സംഭവം ഉണ്ടായത്. മണിക്കൂറുകളോളം ബസിൽ കയറാൻ കാത്തുനിന്ന വിദ്യാർഥികളെ കണ്ടക്ടർ ബസിൽ കയറ്റിയില്ല. ഒടുവിൽ സമയം വൈകിയപ്പോൾ വിദ്യാർഥികൾ കൈകൂപ്പി അഭ്യർഥിച്ചെങ്കിലും കണ്ടക്ടർ കൂട്ടാക്കിയില്ല.
വിദ്യാർഥികൾ അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ കണ്ടക്ടർ അവരെ പുറത്തുനിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.